Kerala
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കം അമേരിക്കൻ കമ്പനികൾക്ക് വേണ്ടിയാണെന്ന് കോൺഗ്രസ്. ഡോണൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വ്യക്തികൾക്കിടയിൽ എത്ര തുകയുടെ ഇടപാട് നടന്നാലും ഫീസ് ഉണ്ടാകില്ലെന്ന വാഗ്ദാനം സർക്കാർ ലംഘിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. അതേസമയം 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ ബാങ്കുകൾക്കും പണമിടപാട് സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
അതേസമയം പാർലമെന്റ് അടുത്തിടെ പാസാക്കിയ ടാക്സേഷൻ നിയമ ഭേദഗതിയിൽ യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് അഥവാ എംഡിആർ ചുമത്തുന്നതിനുള്ള വിലക്ക് നീക്കിയിരുന്നു.
National
റാഞ്ചി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി. വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി കത്തയച്ചത്.
ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യ സർക്കാർ വിദ്യാർഥികളുടെ ആവശ്യങ്ങളിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം ശക്തമാക്കിയത്. ജാർഖണ്ഡിലെ വിവിധ ജില്ലകളിൽ ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും ആർജെഡി നേതാവ് തേജസ്വി യാദവിന്റെയും കോലം കത്തിച്ചും പ്രതിഷേധം നടന്നു.
വിദ്യാർഥികളുമായി സർക്കാർ ആറ് തവണ ചർച്ച നടത്തിയെങ്കിലും പ്രതിഷേധം അവസാനിച്ചിട്ടില്ല. അതേസമയം ചലച്ചിത്ര നടി കുനിക സദാനന്ദ് ഉൾപ്പെടെയുള്ളവരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. നിലവിൽ ആറ് ഉദ്യോഗാർഥികൾ നിരാഹാര സമരം തുടരുകയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെ പോലീസും സുരക്ഷാ സേനയും നടത്തിയ നടപടിയെക്കുറിച്ച് ലോക്സഭയിൽ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിനോടും രാജ്യത്തോടും മാപ്പ് പറയണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ.
ഡൽഹിയിൽ വെടിവെപ്പ് നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ ഗോയൽ, രാഹുൽ ഗാന്ധിയുടെ പ്രസംഗം "നുണകളുടെ കൂട്ടം" മാത്രമായിരുന്നുവെന്ന് കുറ്റപ്പെടുത്തി. ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിന്മേൽ സംസാരിക്കാതെ, വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ നിരാശയിലാണ് രാഹുൽ സംസാരിച്ചതെന്നും ആർഎസ്എസിനെതിരായ ആരോപണങ്ങൾ തള്ളിക്കൊണ്ട് മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്രമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വിദ്യാർത്ഥികൾക്ക് നേരെ വെടിവെക്കാൻ ഒന്നുകിൽ അമിത് ഷാ ഉത്തരവിട്ടിരിക്കണം, അല്ലെങ്കിൽ ഡൽഹിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം അജ്ഞനായിരിക്കണം. ആദ്യത്തേതാണെങ്കിൽ അദ്ദേഹം കുറ്റക്കാരനാണ്, രണ്ടാമത്തേതാണെങ്കിൽ അപ്രാപ്തനാണ്. ഭയം മൂലമാണ് അമിത് ഷാ സഭയിൽ വരാത്തതെന്നും രാഹുൽ ആരോപിച്ചു.
ഡൽഹി പോലീസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, അദ്ദേഹം വെറുമൊരു നിഴലോ പാവയോ ആണോ എന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര, അരവിന്ദ് സാവന്ത് തുടങ്ങിയ പ്രതിപക്ഷ നേതാക്കളും രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തി.
NRI
ഡബ്ലിൻ: പരീക്ഷാ ക്രമക്കേടിനെതിരേ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില് പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് എതിരേ കേന്ദ്രസേനയും ഡൽഹി പോലീസും സ്വീകരിച്ച നടപടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് പ്രതിഷേധം രേഖപ്പെടുത്തി.
ജനാധിപത്യ അവകാശങ്ങൾ വിനിയോഗിച്ച് സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികൾക്കും നേതാക്കൾക്കും എതിരായ ഇത്തരം നടപടികൾ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പ്രതിഷേധാവകാശത്തിന്റെയും ലംഘനമാണെന്നും ഇത് ജനാധിപത്യ മൂല്യങ്ങൾക്കെതിരായ കടന്നാക്രമണമാണെന്നും ഐഒസി അയർലൻഡ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരം കാണുന്നതിനുപകരം പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള സമീപനം ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ജനാധിപത്യവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള എല്ലാ സമാധാനപരമായ പോരാട്ടങ്ങൾക്കും ഐഒസി അയർലൻഡിന്റെ പൂർണ ഐക്യദാർഢ്യവും പിന്തുണയും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.